Spread the love

കോഴിക്കോട്: എല്ലാവരുമായും ചർച്ച ചെയ്ത ശേഷമാണ് തരൂരിന്റെ പരിപാടി ആസൂത്രണം ചെയ്തതെന്ന് എം കെ രാഘവൻ എം പി. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. കെ.പി.സി.സി പ്രസിഡന്‍റ് അന്വേഷണ കമ്മീഷനെ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും രാഘവൻ പറഞ്ഞു.

സംഭവിച്ചത് വളരെ ഗൗരവമേറിയ കാര്യമാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇന്ന് തന്നെ പരാതി നൽകും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും രാഘവൻ പറഞ്ഞു. കോഴിക്കോട് നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ തരൂരിനെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിൻമാറിയത്.  ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തരുതെന്ന ഉന്നത നേതാക്കളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്‍റെ പിൻമാറ്റം. 

By newsten