കൊച്ചി : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചെന്ന് ആരോപിക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ഫർസീൻ മജീദ്, രണ്ടാം പ്രതി നവീൻ കുമാർ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചിതരാവുന്നത് .
പ്രതികൾ ആയുധങ്ങൾ കൈവശം വച്ചിരുന്നില്ലെന്നും വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. എയർപോർട്ട് മാനേജർ സമർപ്പിച്ച റിപ്പോർട്ടിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ മൂന്നാം പ്രതി സുജിത് നാരായണനും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
വധശ്രമം, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ നിലവിലുണ്ടെന്നും എഫ്ഐആർ ഫയൽ ചെയ്യാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്ന സുരേഷിന്റെ ഏറ്റവും പുതിയ ആരോപണങ്ങൾക്കിടെയാണ് സംസ്ഥാനത്തുടനീളം പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി വിമാനത്തിലും പ്രതിഷേധം നടന്നു.