ബീജിങ്: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് ഇന്ത്യയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് സൈനിക മേധാവികളുമായും സൈനികരുമായും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് അപൂർവ്വ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് യോഗം നടന്നത്. പ്രാദേശിക തലസ്ഥാനമായ ഉറുംഖിയിലെ സിൻജിയാങ് സൈനിക ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ പ്രസിഡന്‍റിന്‍റെ ഈ മേഖലയുടെ അവസാന ദിവസമായിരുന്നു. എട്ട് വർഷത്തിനിടെ ഷി ജിൻപിംഗിന്‍റെ ആദ്യ സന്ദർശനം കൂടിയാണിത്.
അതിർത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സിൻജിയാങ്ങിനെ സുസ്ഥിരമാക്കുന്നതിനും സിൻജിയാങ്ങിൽ നിലയുറപ്പിച്ച സൈനികർ നൽകിയ മികച്ച സംഭാവനകളിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) തലവൻ കൂടിയായ ഷി ജിൻപിംഗ് പറഞ്ഞു. ലഡാക്കുമായി അതിർത്തി പങ്കിടുന്ന സിൻജിയാങ്ങിലെ സൈന്യം 2020 ഏപ്രിലിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം ആരംഭിച്ചതു മുതൽ രണ്ട് വർഷത്തിലേറെയായി യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ത്യയുടെ പതിനാലാം കോർപ്സിലെയും പിഎൽഎയുടെ സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ടിലെയും സൈനിക കമാൻഡർമാർ തമ്മിലുള്ള 16-ാം വട്ട ചർച്ച ഞായറാഴ്ച നടക്കും. ഹോട്ട് സ്പ്രിംഗ്സ്, ഡെംചോക്ക്, ഡെപ്സാങ് തുടങ്ങിയ പ്രദേശങ്ങളിലെ അതിർത്തി തർക്കം, സൈൻയത്തെ പിന്വലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. നിരവധി തവണ ചർച്ച നടത്തിയിട്ടും ഇക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.