ടെഹ്റാന്: ഹിജാബ് നിയമം ലംഘിച്ചതിന് ഇറാനിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. മഹ്സ അമിനിയുടെ ശവസംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു.
മഹ്സ അമിനിയുടെ മരണം പടിഞ്ഞാറൻ ഇറാനിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സെപ്റ്റംബർ 17നാണ് 22കാരിയായ മഹ്സ് അമിനി പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ ‘സദാചാര പോലീസ്’ ഗഷ്തെ ഇർഷാദ് ആണ് മഹ്സയെ ടെഹ്റാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹ്സ വെള്ളിയാഴ്ച മരിച്ചു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവതി മരിച്ചത് എന്നാണ് ആരോപണം. അറസ്റ്റിന് ശേഷം മഹ്സയുടെ തലയ്ക്ക് അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, യുവതിയെ ഉദ്യോഗസ്ഥർ മർദ്ദിച്ചിട്ടില്ലെന്ന് ടെഹ്റാൻ പൊലീസ് പറഞ്ഞു. മഹ്സ അമിനി ഉൾപ്പെടെ നിരവധി യുവതികളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതായും ഈ സമയത്ത് മഹ്സ ഹാളിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.