പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വരുമാനത്തിൽ കുടുംബത്തെ നയിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ബെംഗളൂരു സ്വദേശിയായ നന്ദിനിയുടെ കഥ. ഉബര്‍ ടാക്സി ഡ്രൈവറായ നന്ദിനി മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്ലൗഡ്സെക് സിഇഒ രാഹുൽ ശശിയാണ് നന്ദിനിയുടെ കഥ ലിങ്ക്ഡ്ഇന്നിലൂടെ ലോകവുമായി പങ്കുവെച്ചത്.
നന്ദിനിയുടെ ഉബറില്‍ യാത്ര ചെയ്യവേയാണ് മുൻസീറ്റിൽ പെൺകുട്ടി ഉറങ്ങുന്നത് രാഹുൽ ശ്രദ്ധിച്ചത്. രാഹുൽ നന്ദിനിയോട് പെൺകുട്ടി മകളാണോ എന്ന് ചോദിച്ചു. അതെ എന്ന മറുപടിയാണ് ലഭിച്ചത്. നന്ദിനി തന്‍റെ കഥ രാഹുലിനോട് പറഞ്ഞു.
സംരഭയാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ഫുഡ് ട്രക്ക് തുടങ്ങുകയും ചെയ്തു. എന്നാൽ കോവിഡ് വന്നതോടെ ബിസിനസ് തകർന്നു. അതോടെയാണ് നന്ദിനി ഉബർ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞത്.
മകൾക്ക് വെക്കേഷനായതോടെയാണ് മകളേയും കൂട്ടി നന്ദിനി യാത്ര തുടങ്ങുന്നത്. ദിവസം 12 മണിക്കൂറാണ് നന്ദിനി ജോലിയെടുക്കുന്നത്. അതിലും കൂടുതൽ ജോലി ചെയ്യാനും തനിക്ക് മടിയില്ലെന്നും അവർ പറയുന്നു. തനിക്ക് നഷ്ടമായതെല്ലാം ജോലി ചെയ്ത് തിരിച്ചു പിടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് നന്ദിനി.