വനിതാ ശിശുവികസന വകുപ്പ് ഓഫീസുകൾ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ഓഫീസുകളിൽ നിന്നും മികച്ച പെരുമാറ്റം ലഭിക്കണമെന്നും ഏറ്റവും ശ്രദ്ധയും കരുതലും ആവശ്യമുള്ള ഒരു വകുപ്പാണിതെന്നും പരാതി പറയാൻ വരുന്നവരെയും ഉള്ക്കൊള്ളാനാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കുകയാണ് വനിതാ ശിശുവികസന വകുപ്പിന്റെ ലക്ഷ്യം. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് കൃത്യമായ ഡാറ്റ ഉണ്ടായിരിക്കണം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ശേഖരിക്കുന്ന വിവരങ്ങൾ എല്ലാ മാസവും അവലോകനം ചെയ്യണം.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഫയലുകൾ ഒക്ടോബർ 10നകം തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഓരോ ഫയലും തീർപ്പാക്കുന്നത് തടഞ്ഞ കാരണങ്ങൾ കൃത്യമായി വിശദീകരിക്കണം. ജില്ലാതലത്തിലും വകുപ്പ് തലത്തിലും ഡയറക്ടറേറ്റ് തലത്തിലുമുള്ള പ്രവർത്തനങ്ങൾ എല്ലാ മാസവും അവലോകനം ചെയ്യണം.