തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയ്ക്ക് നേരെ തെരുവ് നായ ആക്രമണം. ചപ്പാത്ത് സ്വദേശിനി അപർണ (31)യുടെ കാലിൽ തെരുവുനായയുടെ കടിയേറ്റു. പൂച്ചയുടെ കടിയേറ്റതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയ അപർണയെ നായ കടിക്കുകയായിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
അതേസമയം തൃശൂരിലെ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി വളപ്പിലാണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. നായ്ക്കളുടെ ജഡത്തിന് സമീപം കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേക്കിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
അതേസമയം, പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിലുള്ള കേന്ദ്ര ചട്ടങ്ങളനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് അനുവദനീയമല്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിന്റെ ആവശ്യം.