സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ വി തോമസ്. വികസന പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി. പദവികൾ നൽകണമോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഇന്നലെ തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വികസനത്തിന് ഉയർന്ന സാധ്യതയുള്ള മേഖലകളെക്കുറിച്ച് സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം എങ്ങനെ ലഭ്യമാക്കാമെന്നും തുടർവികസനം എങ്ങനെ നടത്തണമെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സ്ഥാനത്തെ കുറിച്ചോ പദവിയെ കുറിച്ചോ സംസാരിച്ചില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് പറഞ്ഞു.
ഇടതുപക്ഷ സഹയാത്രികനായ കെ വി തോമസ് പദവികൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാണ് ഇന്നലത്തെ യോഗമെന്നും അദ്ദേഹം സൂചന നൽകി.