Spread the love

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളും സ്വത്തുക്കളും അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള നടപടികൾ ജില്ലാ പോലീസ് മേധാവിമാരും സ്വീകരിക്കുമെന്ന് കേരള പോലീസ് മീഡിയ സെന്‍റർ അറിയിച്ചു. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറുന്ന അധികാരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്ട്രേറ്റുമാരുടെ ഏകോപനത്തോടെ ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കും.

എ.ഡി.ജി.പി (ക്രമസമാധാനം), സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പിമാർ, ഐ.ജിമാർ, ഡി.ഐ.ജിമാർ, എല്ലാ ജില്ലാ പോലീസ് മേധാവിമാർ എന്നിവരും സന്നിഹിതരായിരുന്നു.

By newsten