Spread the love

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ പറപറന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യം വിട്ട ഗോതബയ, മാലിദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലും പിന്നീട് സൗദി അറേബ്യയിലും എത്തുമെന്ന് കരുതപ്പെടുന്നു. മാലിദ്വീപിൽ രജപക്സെയ്ക്കെതിരെ പ്രതിഷേധം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് അദ്ദേഹം സിംഗപ്പുരിലേക്ക് പോയത്. അവിടെനിന്ന് ജിദ്ദയിലെത്തുമെന്നാണ് വിവരം.

ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയയും സംഘവും അയൽരാജ്യമായ മാലിദ്വീപിൽ അഭയം പ്രാപിച്ച് അവിടെ നിന്ന് സിംഗപ്പൂരിലേക്ക് പറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ 3.50 നാണ് ഭാര്യയും 13 അംഗ സംഘവുമായി രാജപക്സെ മാലിദ്വീപിലെത്തിയത്. എന്നാൽ, ഗോട്ടബയയ്ക്കെതിരെ മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ തെരുവിലിറങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് സൗദി എയർലൈൻസിൽ സിംഗപ്പൂരിലേക്ക് പോയി. അവിടെ നിന്ന് അദ്ദേഹം ജിദ്ദയിലെത്തുമെന്നാണ് വിവരം.

നേരത്തെ, ഗോതബയ രാജ്യം വിട്ടതിന് ശേഷം ശ്രീലങ്കയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. രാജിവയ്ക്കാതെ രാജ്യം വിട്ട പ്രസിഡന്‍റ് ഗോതബയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്‍റായി നിയമിച്ചുവെന്ന വാർത്ത പുറത്തുവന്നയുടൻ പ്രതിഷേധക്കാർ കൊളംബോയിലെ ഫ്ലവർ റോഡിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി ഓഫീസ് പിടിച്ചെടുത്തിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രസിഡന്‍റിന്‍റെ വസതി ശനിയാഴ്ച പിടിച്ചെടുത്തതിന് സമാനമായിരുന്നു ഇന്നലത്തെയും ജനമുന്നേറ്റം.

By newsten