കാലിഫോർണിയ: കാലിഫോർണിയയിൽ കാട്ടുതീ നാശം വിതയ്ക്കുന്നു. യോസെമൈറ്റ് ദേശീയോദ്യാനത്തിലെ പ്രശസ്തമായ ഭീമൻ സെക്കോയ വൃക്ഷങ്ങൾക്ക് സമീപം വരെ തീജ്വാലകൾ എത്തി. ആയിരക്കണക്കിനാളുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. അമേരിക്കൻ ഐക്യനാടുകളുടെ ചില ഭാഗങ്ങൾ കടുത്ത ചൂടിന്‍റെ പിടിയിലമർന്നിരിക്കുന്ന സമയത്താണ് മധ്യ കാലിഫോർണിയയിൽ തീപിടുത്തമുണ്ടായത്. മാരിപോസ കൗണ്ടിയിലെ മിഡിപൈൻസ് പട്ടണത്തിന് സമീപം വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.
വേനൽക്കാലത്ത്, ഉണങ്ങിയ മരങ്ങളിലേക്ക് തീപ്പൊരികൾ പറക്കുകയും തീ വലുതാകുകയും ചെയ്യുന്നു. ഞായറാഴ്ചയോടെ 52 ചതുരശ്രകിലോമീറ്റർ വനം കത്തിനശിച്ചു. സിയെറ നെവാഡ പർവതത്തിന്‍റെ താഴ്‌വാരത്തിന് സമീപം താമസിക്കുന്ന 6,000 ലധികം ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിൽ പത്തോളം വീടുകൾ കത്തിനശിച്ചു. കാലിഫോർണിയ ഗവർണർ മാരിപോസയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണതരംഗം കാരണം യുഎസിന്‍റെ പല ഭാഗങ്ങളിലും താപനില ഉയർന്നിട്ടുണ്ട്.