കൊച്ചി: റിമാന്‍ഡിലുള്ള എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പി ജി പരീക്ഷ എഴുതാൻ 12 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, മഹാരാജാസ് കോളേജ് അനധികൃതമായി ആർഷോയ്ക്ക് ജാമ്യം ലഭിക്കാൻ ഹാൾടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി.
ഒരു ദിവസം പോലും ആര്‍ഷോ ക്ലാസിൽ ഹാജരായിട്ടില്ല. അതിനാൽ പരീക്ഷ എഴുതാൻ യോഗ്യതയില്ല. എന്നാൽ, ജാമ്യം കിട്ടാനാണ് കോളേജ് ഹാൾടിക്കറ്റ് അനുവദിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.വൈ ഷാജഹാൻ പരാതിയിൽ ആരോപിച്ചു. ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഷാജഹാൻ പറഞ്ഞു.
12ന് ആർഷോ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇന്ന് വീണ്ടും അപേക്ഷിച്ചു. ഓഗസ്റ്റ് 3 വരെ ജാമ്യം അനുവദിച്ചു. പരീക്ഷയെഴുതാൻ മാത്രമേ ജില്ലയില്‍ പ്രവേശിക്കാവൂ എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.