Spread the love

തിരുവനന്തപുരം: വിവാദം ഭയന്ന് മദ്യം, ബിയർ, വൈൻ എന്നിവ ഏത് വലുപ്പത്തിലുള്ള പാക്കറ്റുകളിലും വിൽക്കാൻ നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. നിലവിൽ 180 മില്ലി ലിറ്റർ മുതൽ 3 ലിറ്റർ വരെ പായ്ക്കറ്റ് വലുപ്പത്തിൽ മദ്യം വിൽക്കാൻ അനുവാദമുണ്ട്. എന്നാൽ, മദ്യം, ബിയർ, വൈൻ എന്നിവ ഏത് അളവിലും വിപണിയിൽ എത്തിക്കാനാണ് നികുതി വകുപ്പ് അനുമതി നൽകിയത്. ഇതനുസരിച്ച് ബിവറേജസ് കോർപ്പറേഷൻ എംഡി മദ്യവിതരണക്കാർക്ക് കത്തയച്ചു. എന്നാൽ മദ്യനയം പ്രഖ്യാപിച്ചതിന് പിന്നാലെ അതിന് വിരുദ്ധമായി ഇറക്കിയ ഉത്തരവ് സർക്കാരിനെ ഞെട്ടിച്ചു. ഉത്തരവ് പിൻവലിക്കാനുള്ള നിർദേശം മന്ത്രിതലത്തിൽ നിന്നാണ് വന്നത്.

180 മില്ലിലിറ്ററിൽ താഴെ അളവിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നതിനാലും ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ മാറ്റമില്ലാത്തതിനാലും അധിക പായ്ക്കറ്റ് വലുപ്പത്തിൽ മദ്യം വിൽക്കാൻ അനുവദിച്ച അനുമതി റദ്ദാക്കുകയാണെന്നും നികുതി വകുപ്പ് ബിവറേജസ് കോർപ്പറേഷന് അയച്ച കത്തിൽ പറയുന്നു.

കെഗ് ബിയറും ക്രാഫ്റ്റ് ബിയറും സംസ്ഥാനത്ത് വിൽക്കാൻ ഏപ്രിലിൽ ബിവറേജസ് കോർപ്പറേഷൻ അനുമതി തേടിയിരുന്നു. നിലവിൽ കുപ്പികളിലും കാനുകളിലുമായാണ് ബിയർ വിൽക്കുന്നത്. അംഗീകാരം ലഭിച്ചാൽ ലിറ്റർ കണക്കിനു ബീയർ കെഗ്, ക്രാഫ്റ്റ് വിഭാഗത്തിൽ വിൽക്കാൻ കഴിയുമായിരുന്നു. ഇതിനായാണ് മദ്യം, ബിയർ, വൈൻ എന്നിവ അധിക പായ്ക്കറ്റ് വലുപ്പത്തിൽ വിൽക്കാൻ അനുവദിച്ചതെന്നാണ് വിവരം. എന്നാൽ സർക്കാർ ഈ തീരുമാനം തള്ളി.

By newsten