തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ഫ്ലക്സ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ തേടി ഷാഫി എഴുതിയ കത്ത് ഫ്ലക്സ് ബോർഡിലും നോട്ടീസ് ബോർഡിലും ഒട്ടിച്ചിട്ടുണ്ട്. കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് ഇന്ന് കോർപ്പറേഷനിൽ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് ഈ നീക്കം.
“എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു..” എന്ന വാചകത്തോടൊപ്പമാണ് ഷാഫി പറമ്പിലിന്‍റെ ലെറ്റർ പാഡിൽ തയ്യാറാക്കിയ കത്ത് ഫ്ലെക്സ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അതിനു താഴെ “ഉപദേശം കൊള്ളാം വർമ്മ സാറെ, പക്ഷേ…” എന്ന വാചകവും ഉണ്ട്. “ചാണ്ടി സാറെ ജോലി കൊടുക്കണം” എന്ന വാചകത്തിനൊപ്പമാണ് കത്ത്.
ഷാഫി പറമ്പിലിന്‍റെ ഒപ്പോടുകൂടിയ 2011 ഓഗസ്റ്റ് 25ആം തീയതിയിലേതാണ് കത്ത്. വർഷങ്ങളായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാർട്ടി താൽപര്യത്തിൽ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരം ഉൾപ്പെടെയുള്ള കേസുകളിൽ കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എസ് ബിജുവിനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) തസ്തികയിലേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്നാണ് കത്തിൽ ഉള്ളത്.