Spread the love

കൊച്ചി: വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപമാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സംഘർഷത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഫാദര്‍ യൂജിന്‍ പെരേര ഉൾപ്പെടെയുള്ള 10 വൈദികരാണ് കലാപത്തിന് നേതൃത്വം നൽകിയതെന്ന് 40 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം 26, 27 തീയതികളിൽ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലുണ്ട്. 26ന് ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെ തുറമുഖ നിർമ്മാണത്തിനായി കൊണ്ടുവന്ന ലോറികൾ സമരക്കാർ തടഞ്ഞു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

27ന് മൂവായിരത്തോളം പേർ ഒത്തുചേർന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഘർഷത്തിന്റെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

By newsten