തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ വിതരണം പുനരാരംഭിച്ചു. ധനവകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. മൂന്നോ നാലോ മാസത്തെ ക്ഷേമപെൻഷൻ ഓണത്തിനോ ക്രിസ്മസിനോ ഒരുമിച്ച് ഒന്നാം പിണറായി സര്ക്കാര് നൽകിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻകാരുടെ പട്ടികയിൽ യോഗ്യതയില്ലാത്ത നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ കർശന പരിശോധന നടത്തുമെന്നും അനർഹരായവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1,600 രൂപയുടെ ക്ഷേമ പെൻഷൻ നൽകുന്നു. യോഗ്യതയില്ലാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ അത് സംസ്ഥാനത്തിന് വലിയ ഭാരമാകുമെന്നും സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരെ തിരിച്ചറിയുന്നതിനും 2019 ഡിസംബർ 31ന് മുമ്പ് പെൻഷൻ ലഭിച്ചവർക്കും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.