Spread the love

തെന്മല: ജലനിരപ്പ് 109 മീറ്ററിന് മുകളിൽ ഉയർന്നതിനാൽ 115.82 മീറ്റർ സംഭരണ ശേഷിയുള്ള പരപ്പാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ ഉയർത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെന്‍റിമീറ്റർ വീതം ഉയർത്തും.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഡാമിലെ ജലനിരപ്പ് 109.69 മീറ്ററാണ്. മഴ കുറവാണെങ്കിലും വെള്ളത്തിന്‍റെ ഒഴുക്കിൽ കുറവുണ്ടായിട്ടില്ല. ഷട്ടറുകൾ ഉയർത്താൻ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. നിലവിൽ 107.56 മീറ്ററാണ് ഡാമിൽ സൂക്ഷിക്കേണ്ട വെള്ളത്തിന്‍റെ അളവ്. ഉൾക്കൊള്ളുന്നതിൻെറ 71 ശതമാനം ജലമാണ് സംഭരണിയിലുള്ളത്.ഒരു ജനറേറ്റർ വഴി മാത്രമാണ് വൈദ്യുതി ഉത്പാദനം നടക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് ഡാമിന്‍റെ ചരിത്രത്തിലാദ്യമായി ഷട്ടറുകൾ ഉയർത്തേണ്ടി വന്നത്. ഷട്ടർ തുറക്കുന്നതോടെ നിറഞ്ഞു കിടക്കുന്ന കല്ലടയാറ്റിലേക്ക് കൂടുതൽ വെള്ളം എത്തും. ഇതോടെ ജലനിരപ്പ് 90 സെന്‍റീമീറ്റർ വരെ ഉയരും. അതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നാണ് അറിയിപ്പ് .

By newsten