തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. അദാനിയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ സംസ്ഥാന സർക്കാർ എതിർക്കേണ്ട ആവശ്യമില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിലെ ഒരു മന്ത്രിയും സമരക്കാരെ തീവ്രവാദികൾ എന്ന് വിളിച്ചിട്ടില്ല. പ്രതിഷേധത്തെ ഹൈജാക്ക് ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടലുകളെ സംശയിക്കേണ്ട സാഹചര്യമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചിട്ടും സമരം അവസാനിപ്പിക്കാൻ അവർ തയ്യാറല്ല. പദ്ധതി നിർത്തിവയ്ക്കണമെന്ന നിസാര വാദമാണ് സമരക്കാർ ഉന്നയിക്കുന്നത്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.