തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടു. സി.പി.എം തുറമുഖത്തിന് വേണ്ടി പ്രചാരണ ജാഥ നടത്തുമ്പോഴും പ്രശ്നം പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസമയം, കേന്ദ്ര സേന വേണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടു കളിക്കുകയാണ്. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും കേരള പൊലീസ് മതിയെന്നും തുറമുഖ മന്ത്രി പറഞ്ഞു.
കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉൾപ്പെട്ട മധ്യസ്ഥ ചർച്ചകളുടെ തുടർച്ചയാണ് അനുരഞ്ജന ശ്രമങ്ങൾ. സി.പി.എം ജില്ലാ സെക്രട്ടറി വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുമായി കൂടിക്കാഴ്ച നടത്തിയത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നും ആനാവൂർ അറിയിച്ചതായാണ് സൂചന. പാളയം ഇമാം, ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരയുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകും. വികസനം, സമാധാനം എന്ന പ്രചാരണാർത്ഥം തുറമുഖത്തിനായി 6 മുതൽ 9 വരെ സി.പി.എം ജില്ലാ കമ്മിറ്റി പ്രചാരണ റാലി നടത്തും. പ്രചാരണം സഭയ്ക്കെതിരെയല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.