തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഡോ.ടി.എം.തോമസ് ഐസക്. ഇതിനകം 6,000 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്നും ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ തലസ്ഥാന മേഖലാ വികസന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. രണ്ട് പദ്ധതികളുമായും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് എല്ലാവരുടെയും ആവശ്യം. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ വികസനം നടക്കും. ഇതിനകം 6,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ 60,000 കോടി രൂപ ചെലവിൽ ക്യാപിറ്റൽ സിറ്റി റീജിയൻ ഡെവലപ്മെന്‍റ് പ്രോഗ്രാമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർ മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് ഇന്നത്തെ എം.സി. റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നുചേരുന്ന നാലുവരിപ്പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇത് പിന്നീട് ആറുവരിപ്പാതയാക്കി മാറ്റാനും ആലോചനയുണ്ട്. അതിനാൽ പദ്ധതിയിൽ ഇനി വിട്ടുവീഴ്ച ചെയ്യാൻ ആവില്ലെന്നും ഐസക് പറഞ്ഞു. ആര്‍ക്കെങ്കിലും ഉള്‍വിളി തോന്നുമ്പോള്‍ നിര്‍ത്തിവയ്‌ക്കേണ്ടതാണോ വികസന പദ്ധതികളെന്നും അദ്ദേഹം ചോദിച്ചു.
ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ ഏഴ് ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പലതും ന്യായമായ ആവശ്യങ്ങളാണ്. വിഴിഞ്ഞത്തിന് വടക്കുഭാഗത്തുള്ള തീരം കടുത്ത തീരശോഷണത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ അതിനെ നേരിടാനുള്ള നടപടികൾ മന്ദഗതിയിലാണ്. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുകയാണ്. ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. അത്തരം ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു. എന്നാൽ ഒരു ആവശ്യം അംഗീകരിക്കാൻ കഴിയില്ല. അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന പദ്ധതി നിർത്തിവച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണം. വിദഗ്ദ്ധരെ നിയമിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്താം. എന്നാൽ പദ്ധതി നിർത്താൻ കഴിയില്ല. ഇതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.