തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിച്ചതിനും വഴി തടസപ്പെടുത്തി പ്രകടനം നടത്തിയതിനുമാണ് ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ കേസെടുത്തത്.
ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിനെതിരെയും മുല്ലൂരിലെ ജനകീയ കൂട്ടായ്മയുടെ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനും എതിരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ മാർച്ച്. എന്നാൽ മുക്കോല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധം മുല്ലൂരിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നേരത്തെ ഹിന്ദു ഐക്യവേദിയുടെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് വകവയ്ക്കാതെയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.