ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ. മുൻകൂർ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് അതിജീവിത സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ആരോപിച്ചു. മുൻകൂർ ജാമ്യത്തിലിറങ്ങിയ പ്രതി കേസിലെ തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയും അപ്പീലിൽ പ്രകടമായിരുന്നു.
വിജയ് ബാബു വിദേശത്തായിരുന്നപ്പോൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള ഹൈക്കോടതി തീരുമാനം തെറ്റാണെന്ന് അപ്പീലിൽ അതിജീവിത ആരോപിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 438 പ്രകാരം വിദേശത്ത് ഇരിക്കുമ്പോൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി സാധുതയുള്ളതല്ല. അന്വേഷണത്തിൽ നിന്ന് മനപ്പൂർവ്വം ഒളിച്ചോടാനാണ് ഇയാൾ വിദേശത്തേക്ക് പോയത്. ഹൈക്കോടതി ഇത് കണക്കിലെടുത്തില്ലെന്ന് സംസ്ഥാന സർക്കാരിന്റെ അപ്പീലിലുണ്ട്.
അഭിഭാഷകനായ രാകേഷ് ബസന്ത് ആണ് അതിജീവിതയുടെ അപ്പീൽ സമർപ്പിച്ചത്. ജസ്റ്റിസ് ഇന്ദിര ബാനർജി അദ്ധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാന്‍ അതിജീവതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ നടപടി ആരംഭിച്ചു. ഇതിനായുള്ള കത്ത് സുപ്രീം കോടതി രജിസ്ട്രാർക്ക് ഉടൻ സമർപ്പിക്കും.