കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയുടെ പേരിൽ അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിക്ക് മുമ്പ് തിടുക്കത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.
നിരവധി ക്ലബ്ബുകളിൽ അംഗമാണ് വിജയ് ബാബു, അമ്മ അതിൽ ഒരു ക്ലബ് മാത്രമാണ്. മറ്റ് ക്ലബ്ബുകൾ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. വിജയ് ബാബുവിൻറെ വിഷയത്തിൽ അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു അറിയിച്ചു.
എഎംഎംഎയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഉണ്ടാകില്ലെന്നും, ഫിലിം ചേംബറിന് കീഴിലുള്ള ഐസിസി സമിതിയിൽ അമ്മ പ്രതിനിധികൾ ഉണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു.