ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നായിഡുവിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ചു. യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിൻ്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ നീക്കം. യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കും. മുൻ ബിജെപി നേതാവ് കൂടിയാണ് യശ്വന്ത് സിൻഹ. വെങ്കയ്യ നായിഡു രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ വിമുഖത കാട്ടിയാൽ മാത്രമേ ബിജെപി മറ്റൊരു പേരിലേക്ക് മാറൂ എന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രാജ്നാഥ് സിംഗ് നേരത്തെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ കൃത്യമായ പേര് മുന്നോട്ട് വച്ചില്ല.