അരുണാചൽപ്രദേശ് : അരുണാചൽ പ്രദേശിലെ അൻജോ ജില്ലയിൽ ലിപ്സ്റ്റിക് സസ്യം എന്നറിയപ്പെടുന്ന അപൂർവ സസ്യത്തെ ഗവേഷകർ കണ്ടെത്തി. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ശാസ്ത്രീയമായി ഏസ്ചിനാന്തസ് മൊണറ്റേറിയ ഡൻ എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യത്തെ കണ്ടെത്തിയത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ, ഐസക് ഹെന്റി ബർക്കിൽ എന്ന ബ്രിട്ടീഷ് സസ്യശാസ്ത്ര വിദഗ്ദ്ധൻ അൻജോവിൽ നിന്ന് നിരവധി സസ്യ സാമ്പിളുകൾ ശേഖരിച്ചിരുന്നു. മറ്റൊരു സസ്യശാസ്ത്ര വിദഗ്ധനായ സ്റ്റീഫൻ ട്രോയ്ഡൻ നടത്തിയ ഗവേഷണത്തിലാണ് ഈ സസ്യം ആദ്യമായി കണ്ടെത്തിയത്.
ഈ സസ്യങ്ങളുടെ പുഷ്പ ദളങ്ങൾക്ക് ലിപ്സ്റ്റിക്കുകളെ അനുസ്മരിപ്പിക്കുന്ന ആകൃതിയും ഘടനയും ഉണ്ട്. അങ്ങനെയാണ് ഇതിനു ഈ പേര് ലഭിച്ചത്, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ കൃഷ്ണ ചൊവ്ലു പറയുന്നു. ജേണൽ ഓഫ് കറന്റ് സയൻസ് ഓൺ ദ് ഡിസ്കവറി ജേണലിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സസ്യം അപൂർവമാണെങ്കിലും, ഇതിന്റെ ജനുസ്സായ ഏസ്ചിനാന്തസ് ജാക്ക് ഏഷ്യയിൽ സാധാരണമായി കാണപ്പെടുന്നു. ഇതിൽ 174 ലധികം സസ്യങ്ങളും ഉൾപ്പെടുന്നു. നിത്യഹരിത വിഭാഗത്തിൽ പെടുന്ന 26 തരം സസ്യങ്ങൾ ഈ വിഭാഗത്തിൽ ഇന്ത്യയിൽ കാണപ്പെടുന്നു.
നാണക്കേട് എന്നും പുഷ്പം എന്നും അർത്ഥങ്ങളുളള ഏസ്ചൈൻ, ആന്തോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് സസ്യത്തിന്റെ ശാസ്ത്രീയ നാമം ഉരുത്തിരിഞ്ഞത്. എന്നിരുന്നാലും, ഈഷിനന്തസ് മൊണറ്റോറിയ ഡൻ സസ്യത്തിന്, ഈഷിനന്തസ് ജാക്ക് ജനുസ്സിലെ മറ്റ് സസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ സവിശേഷതകൾ ഉണ്ട്. സമീപകാലത്തായി അരുണാചൽ പ്രദേശിൽ നിരവധി അപൂർവ സസ്യങ്ങളെയും മൃഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ അധികം അറിയപ്പെടാത്ത ജൈവവൈവിധ്യത്തെ ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. ലോഹിത് ജില്ലയെ വിഭജിച്ച് 2004 ലാണ് അൻജോ ജില്ല രൂപീകരിച്ചത്. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ലോഹിത് നദി ഈ ജില്ലയിലൂടെ ഒഴുകുന്നു. ഇതുകൂടാതെ 11 ചെറിയ നദികളും ഇതിലൂടെ ഒഴുകുന്നു.