മുംബൈ: വേദാന്ത ഗ്രൂപ്പിന്‍റെ അർദ്ധചാലക നിർമ്മാണ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗുജറാത്ത് പാകിസ്ഥാനല്ലെന്നും അയൽ സംസ്ഥാനമാണെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് ലഭിക്കാത്ത ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതാണ് പ്രതിപക്ഷം വിവാദമാക്കിയത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ 20 ബില്യൺ ഡോളറിന്‍റെ സെമികണ്ടക്ടർ പദ്ധതി തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്സ്കോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഗുജറാത്ത് സർക്കാർ വേദാന്തയ്ക്ക് വൈദ്യുതി നിരക്ക് ഉൾപ്പെടെ വലിയ ഇളവ് വാഗ്ദാനം ചെയ്തിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളും ഫാക്ടറി സ്ഥാപിക്കുന്നതിന് വേദാന്തയ്ക്ക് ആകർഷകമായ ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. അവസാന റൗണ്ടിൽ മഹാരാഷ്ട്രയും ഗുജറാത്തും പരിഗണനയ്ക്ക് വന്നെങ്കിലും ഗുജറാത്തിന് നറുക്ക് വീഴുകയായിരുന്നു.
‘ഗുജറാത്ത് പാകിസ്ഥാനല്ല, നമ്മുടെ സഹോദര സംസ്ഥാനമാണ്. ഇത് ആരോഗ്യകരമായ മത്സരമാണ്. കർണാടക ഉൾപ്പെടെ എല്ലാവരേക്കാളും മുന്നിലായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പ് എടുത്ത തീരുമാനമാണത്. ഞങ്ങളുടെ സർക്കാർ വന്നപ്പോൾ വേദാന്ത ഫാക്ടറി ഇവിടെ വരാൻ പരമാവധി ശ്രമിച്ചു. ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് ഞങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നത്’, ഫഡ്നാവിസ് പറഞ്ഞു.