ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് അഞ്ച് പതഞ്ജലി മരുന്നുകളുടെ നിർമ്മാണം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങൾ നിയമവിരുദ്ധമാണെന്ന് മലയാളി കൂടിയായ ഡോ. കെ.വി ബാബു ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
ബാബാ രാംദേവിന്റെ ഉടമസ്ഥതയിലെ ദിവ്യാ ഫാർമസി പതഞ്ജലി ബ്രാൻഡിന് കീഴിൽ ഇറക്കുന്ന 5 മരുന്നുകളുടെ ഉൽപ്പാദനം നിർത്താനാണ് ഉത്തരവ്. രക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയിറ്റർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് നിരോധിച്ചത്. 1940ലെ മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് ആക്ട് എന്നിവ പ്രകാരം ഈ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പരസ്യം പാടില്ല.
സെപ്റ്റംബർ ആദ്യം തന്നെ ഈ അഞ്ച് ഉല്‍പ്പന്നങ്ങളുടെ പരസ്യം നൽകുന്നതിൽ നിന്ന് പിന്മാറാൻ പതഞ്ജലിയോട് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതിന് പിന്നാലെയാണ് നിരോധനം. വീണ്ടും ഉത്പാദനം ആരംഭിക്കണമെങ്കിൽ ഓരോ മരുന്നിൻ്റെയും പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബലിനുള്ള അപേക്ഷയും സമർപ്പിക്കണമെന്ന് അതോറിറ്റി പതഞ്ജലിയോട് ആവശ്യപ്പെട്ടു. ഉത്തരവ് പുറത്ത് വന്നിട്ടും നിരോധനത്തിൻ്റെ അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് കമ്പനി നൽകുന്ന വിശദീകരണം.