വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇറാൻ സന്ദർശനത്തോട് പ്രതികരിച്ച് അമേരിക്ക. പുടിന്റെ സന്ദർശനം ഇറാൻ റഷ്യയെ ആശ്രയിക്കുന്നതിന്റെ സൂചനയാണെന്നും ഇത് ഇറാനെ അപകടത്തിലാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ആണ് പ്രതികരിച്ചത്. റഷ്യ ഇന്ന് ഒറ്റപ്പെട്ട രാജ്യമാണെന്നും പുടിനെ വരവേറ്റതോടെ ഇറാൻ റഷ്യയെ ആശ്രയിക്കുക എന്ന അപകടത്തിലേക്ക് കടന്നിരിക്കുകയാണെന്നും പ്രൈസ് പറഞ്ഞു.
ഇറാന്റെ സമുന്നത നേതാവ് ആയത്തൊള്ള അലി ഖമനയി റഷ്യയുമായി ദീര്‍ഘകാല സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇത് ഉക്രൈന്- റഷ്യ വിഷയത്തില്‍ ഇറാന് സ്വീകരിച്ചിരുന്ന നിഷ്പക്ഷ നിലപാടിന് വിരുദ്ധമാണെന്നും ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ ഇറാന് ന്യായീകരിക്കുകയാണെന്നും യു.എസ് ആരോപിച്ചു.