വാഷിങ്ടൻ: അമേരിക്കൽ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിൽ 140 സീറ്റിൽ റിപ്പബ്ലിക്കും 86 സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയും സെനറ്റിലെ 35ൽ ഭൂരിപക്ഷം സീറ്റുകളിലും റിപ്പബ്ലിക്ക് സ്ഥാനാർഥികളും ലീഡ് ചെയ്യുന്നതായാണ് അവസാന റിപ്പോർട്ട്.
36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലവും വന്ന് തുടങ്ങി. മാസാചുസെറ്റ്സിൽ മൗര ഹേലിയും മേരിലാൻഡിൽ വെസ് മൂറും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. മാസാചുസെറ്റ്സിലെ ആദ്യ വനിത ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രോ–അമേരിക്കൻ ഗവർണറാണ് വെസ് മൂർ. ഇരുവരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളാണ്.
ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് 220 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 212 സീറ്റുമാണ്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കുകൾക്ക് 50 സീറ്റും ഡെമോക്രാറ്റുകൾക്ക് 48 സീറ്റും സ്വതന്ത്രർക്ക് രണ്ടു സീറ്റുമാണുള്ളത്. അതുകൊണ്ട് 35 സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്.