ന്യൂഡല്‍ഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടി ചോദ്യം ചെയ്തുള്ള ഹർജി, സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പൊളിക്കൽ പ്രക്രിയയിൽ നിയമം പാലിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകണമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ആവശ്യപ്പെട്ട് മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമ ഹിന്ദ് ആണ് ഹർജി നൽകിയത്.
നിയമവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങൾ അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ പൊളിച്ചുനീക്കിയിരുന്നു. വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീടും പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിൽ ഉൾപ്പെടുന്നു.
ഞായറാഴ്ചയാണ് പ്രയാഗ് രാജ് ജില്ലാ വികസന വകുപ്പ് ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അനധികൃതമായാണ് കെട്ടിടം നിർമ്മിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ജാവേദിന്റെ കുടുംബത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ജാവേദിന്റെ കുടുംബത്തിൽ നിന്ന് ആരും കോടതിയിൽ ഹാജരായില്ലെന്ന് അധികൃതർ പറഞ്ഞു. ബുൾഡോസർ നടപടിയുടെ തലേദിവസം മാത്രമാണ് തങ്ങൾക്ക് നോട്ടീസ് ലഭിച്ചതെന്ന് ജാവേദിന്റെ കുടുംബം പറഞ്ഞു.