മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ പാർലമെന്ററി പരാമർശങ്ങളുടെ പുതിയ പട്ടികയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു’ എന്നാണ് രാഹുലിൻ്റെ പരിഹാസം. ചർച്ചകളിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിശേഷിപ്പിക്കുന്ന വാക്കുകൾ കേന്ദ്രം നിരോധിച്ചതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും പല വലിയ നേതാക്കളും ഈ പട്ടികയിൽ സർക്കാരിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. അഴിമതിയെ മാസ്റ്റർ സ്ട്രോക്ക് എന്ന് വിളിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പാർലമെന്റിൽ കർഷകർക്ക് വേണ്ടി ‘പ്രക്ഷോഭകൻ’ എന്ന വാക്ക് ആരാണ് ഉപയോഗിച്ചതെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് എംപി അഭിഷേക് സിംഗ്വി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. പാർലമെന്റിൽ ‘സത്യം’ പറയുന്നതും പാർലമെന്ററി വിരുദ്ധമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ആരോപിച്ചു.