കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവി കൈവരിക്കാൻ തയ്യാറായി കോഴിക്കോട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
അടുത്ത ഘട്ടത്തിൽ ലിറ്ററേച്ചർ ശൃംഖലയിലെ പ്രാഗ് സർവകലാശാല പ്രതിനിധികളുമായി ഓൺലൈൻ ചർച്ച നടത്തും. ജനുവരി 14ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തിൽ പ്രസാധകർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. കിലയുടെ സഹായത്തോടെയാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്.
പ്രാഗ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ ലുഡ്മില കൊളഷോവ ഇക്കാര്യം പഠിക്കാൻ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇതിനിടെ തന്നെ ചെറുതും വലുതുമായ 70 പ്രസാധകരെ തിരിച്ചറിഞ്ഞിട്ടുണ്ട് . പത്രസ്ഥാപനങ്ങളെയും, കോളേജുകളെയും എഴുത്തുകാരെയും കണ്ടുമുട്ടി. ഗ്രന്ഥശാലകളും പുസ്തക സംഘടനകളാലും സമ്പന്നമാണ് കോഴിക്കോടെന്ന് വ്യക്തമാണെന്നും ലുഡ്മില പറഞ്ഞു. അയ്റിൻ ആൻ ആന്റണി, നിഹാരിക എന്നിവരും ലുഡ്മിലയ്ക്കൊപ്പം ഗവേഷണത്തിലാണ്.