തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിന്റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. നിശ്ചിത സമയത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാകാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഇനിയും വൈകുമെന്ന് വ്യക്തമായി.
ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആറ് മാസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കണം. ജില്ലകളിലെ സാമൂഹിക ആഘാത പഠനത്തിന്റെ ചുമതല വിവിധ ഏജൻസികൾക്കാണ് നൽകിയത്. ചുരുക്കം ചില ജില്ലകളൊഴികെ മിക്ക ജില്ലകളിലും പഠനകാലാവധി അവസാനിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഈ മാസത്തോടെ അവസാനിക്കും.
സാമൂഹികാഘാത പഠനം തുടരണമെങ്കിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട മുൻ വിജ്ഞാപനം പുതുക്കേണ്ടി വരും. എന്നാൽ, അത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 11 ജില്ലകളിലാണ് സാമൂഹികാഘാത പഠനം നടത്തിയത്. പഠനത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാൻ ഏജൻസികൾക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.