മുംബൈ: വിമത നീക്കത്തെ തുടർന്ന് അധികാരം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടികളുടെ വിഭജനമോ ലയനമോ സംബന്ധിച്ച് ഗവർണർക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അയോഗ്യരാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത് വരെ വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഹർജിയിൽ ആവർത്തിച്ചു. ഷിൻഡെയെയും മറ്റ് എംഎൽഎമാരെയും മഹാരാഷ്ട്ര നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി വിലക്കണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (എംവിഎ) സഖ്യസർക്കാരിനെ താഴെയിറക്കി മഹാരാഷ്ട്ര ഭരണം ബിജെപിയുടെ കൈകളിൽ തിരിച്ചെത്തി. വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെയാണ് ഉദ്ധവ് രാജിവച്ചത്.