ഉദയ്പുര്‍: ഉദയ്പൂരിൽ മരിച്ച കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും മറ്റ് മുതിർന്ന നേതാക്കളും സന്ദർശിച്ചു. സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര തുകയായ 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി.
ഒരു മാസത്തിനകം കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ദേശീയ അന്വേഷണ ഏജൻസിയോടും ആവശ്യപ്പെടുമെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ച ഹീനമായ കൊലപാതകമാണ് ഉദയ്പൂരിൽ ഉണ്ടായത്, പ്രതികളെ അറസ്റ്റ് ചെയ്ത് അവരുടെ തീവ്രവാദ ബന്ധം കണ്ടെത്തിയതിന് പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് എല്ലാ സുരക്ഷയും ഒരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കനയ്യ ലാലിന്റെ മകൻ പറഞ്ഞു. അച്ഛനെ കൊന്നവരെ തൂക്കിക്കൊല്ലണം, അതിനേക്കാൾ കുറഞ്ഞ ശിക്ഷ നൽകാൻ പാടില്ലെന്നും മകൻ പറഞ്ഞു.