ജയ്പുര്‍: ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാർട്ടി. കൊലയാളികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന അഭ്യൂഹങ്ങളെ ബിജെപി ശക്തമായി എതിർത്തു. “ഞങ്ങൾക്ക് രണ്ട് പ്രതികളുമായി യാതൊരു ബന്ധവുമില്ല,” രാജസ്ഥാൻ ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് സാദിഖ് ഖാൻ പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പരാജയമാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. കനയ്യലാലിന്റെ കൊലപാതകത്തിലെ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും വർഷങ്ങളായി ന്യൂനപക്ഷ മോർച്ചയിൽ ചേരാൻ ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ പ്രതികളും ന്യൂനപക്ഷ മോർച്ച നേതാക്കളും ഒരുമിച്ച് നിൽക്കുന്ന ചില പഴയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.