ഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുവദിച്ചത്. നേരത്തെ ഹർജി പരിഗണിക്കവെ പിൻവലിക്കാനുള്ള കാരണം വിശദീകരിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഹർജിയിൽ നിയമപരമായ പ്രശ്നങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. യു.എ.പി.എ പുനഃസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശക്തമായി ആവശ്യപ്പെട്ടതിനാലാണ് കക്ഷികൾക്ക് നോട്ടീസ് നൽകിയതെന്ന് കോടതി പറഞ്ഞു.