Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. തുറമുഖ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തിയതിനും തുറമുഖം നിർമ്മിക്കുന്ന പ്രദേശത്ത് അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തത്. ഇതോടെ ആർച്ച് ബിഷപ്പിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നവംബർ 27ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്‍റെ പേരിൽ ആർച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷൻ ആക്രമിച്ചത്.

വിഴിഞ്ഞം എസ്.ഐ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതികൾ അനധികൃതമായി സംഘടിച്ച് അദാനി തുറമുഖത്തിന്‍റെ നിർമ്മാണം തടസ്സപ്പെടുത്തിയെന്നാണ് പറയുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പ്രതികൾ അദാനി തുറമുഖത്തെ അതിസുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ചത്. പിരിഞ്ഞു പോകണമെന്ന പോലീസിന്‍റെ നിർദ്ദേശം പ്രതിഷേധക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഈ കേസിൽ സഹായമെത്രാൻ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. ഏഴ് വൈദികരെയും പ്രതിഷേധത്തിൽ പങ്കെടുത്തവരെയും പ്രതി ചേർത്തിട്ടുണ്ട്.

എസ്.ഐ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിൽ പ്രതികൾ തുറമുഖ നിർമ്മാണത്തിനെതിരെ ബാനറുകൾ ഉയർത്തുകയും അദാനി തുറമുഖത്തേക്കുള്ള റോഡിൽ പ്രതിഷേധം നടത്തുകയും നിർമ്മാണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് പറയുന്നു. ഈ കേസിൽ സഹായമെത്രാൻ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. പുരോഹിതരെയും പ്രതിഷേധത്തിൽ പങ്കെടുത്തവരെയും പ്രതിചേർത്തിട്ടുണ്ട്.

By newsten