മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷനിലേക്ക് പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന വാഗ്ദാനം സുരേഷ് ഗോപി ഒരിക്കൽ കൂടി നിറവേറ്റി. ഇതുവരെ ആറ് ലക്ഷത്തോളം രൂപയാണ് സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിയത്. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
മാജിക് ഫ്രെയിംസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോടൊപ്പം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പ്രതിഫലത്തിൽ നിന്നുള്ള പണമാണ് താരം കൈമാറിയത്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുക മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് നാദിർഷയ്ക്ക് കൈമാറി.