തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദമായതിന് പിന്നാലെ നിയമസഭയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താൻ ഭരണഘടനയെ വിമർശിച്ചുവെന്ന റിപ്പോർട്ടുകൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ ഏതെങ്കിലും തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിയുടെ പ്രസ്താവന ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന
“മല്ലപ്പള്ളിയിൽ നടന്ന ഒരു പരിപാടിയിൽ ഞാൻ ഭരണഘടനയെ വിമർശിച്ചുവെന്ന വാർത്ത വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്‍റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. നമ്മുടെ ഭരണഘടനയും അതിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യമെമ്പാടുമുള്ളവരുടെ മുന്നിരയിലാണ് ഞാൻ ഉൾപ്പെടുന്ന പ്രസ്ഥാനം.