ഫുണാഫുടി: ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുമെന്ന ഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ ടുവാലു അതിന്‍റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കാൻ പദ്ധതിയിടുന്നു.
ഇന്‍റർനെറ്റിലെ ത്രിമാന സാങ്കൽപ്പിക ലോകമായ മെറ്റാവേഴ്സിൽ രാജ്യത്തെ പകർത്താൻ ഓഗ്മെന്‍റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ് പദ്ധതി. മെറ്റാവേഴ്സിലെ ആദ്യത്തെ ഡിജിറ്റൽ രാജ്യമായിരിക്കും ടുവാലു. “കാലാവസ്ഥാ വ്യതിയാനത്തെയും സമുദ്രനിരപ്പിലെ വർദ്ധനവിനെയും അതിജീവിക്കാൻ രാജ്യത്തിന് കഴിയില്ല. രാജ്യം, സമുദ്രം, സംസ്കാരം എന്നിവ ജനങ്ങളുടെ വിലയേറിയ സ്വത്താണ്. ഭൗതിക ലോകത്തിന് എന്ത് സംഭവിച്ചാലും, ആ സമ്പത്ത് സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ടുവാലുവിന്‍റെ വിദേശകാര്യ മന്ത്രി സൈമൺ കൊഫെ പറഞ്ഞു.
തെക്കൻ പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും ഹവായിക്കും ഇടയിലാണ് ഒൻപത് ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. ജനസംഖ്യ 12,000 ത്തിനടുത്ത് മാത്രമാണ്. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, രാജ്യം പൂർണ്ണമായും കടലിനടിയിലാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വേലിയേറ്റ സമയത്ത് തലസ്ഥാനമായ ഫുണാഫുടിയുടെ 40 ശതമാനവും വെള്ളത്തിനടിയിലാണ്.