Spread the love

തുർക്കി: തുർക്കിയിലെ മതനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്നാന്‍ ഒക്തറിനെ കോടതി 8,658 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതി വിധി പറഞ്ഞത്. ലൈംഗിക പീഡനം, ബ്ലാക്മെയിൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഒക്തർ ശിക്ഷിക്കപ്പെട്ടത്. ഹാറൂണ്‍ യഹ്യ എന്ന പേരില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്നാന്‍ ഒക്തര്‍. 1075 വര്‍ഷത്തേക്കായിരുന്നു മുൻപ് ഒക്തറിനെ ശിക്ഷയ്ക്ക് വിധിച്ചത്.

ഒക്തറിനെ പിന്തുടർന്ന് അയാളുടെ ശൃംഖലയുടെ ഭാഗമായ, കുറ്റാരോപിതരായ 236 പേര്‍ക്കൊപ്പം നടന്ന വിചാരണയിലായിരുന്നു ഇത്. അദ്നാൻ ഒക്തറിന് വ്യക്തിപരമായ കുറ്റത്തിന് 891 വർഷവും അനുയായികൾ ചെയ്ത കുറ്റത്തിന് ശേഷിക്കുന്ന വർഷവും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സ്വന്തം ചാനലിലെ പ്രസംഗങ്ങളുടെ പേരിൽ ഒക്തര്‍ തുർക്കിയിൽ പ്രശസ്തനാണ്. ഒക്തറിനെ മിക്കപ്പോഴും കാണാന്‍ സാധിച്ചിരുന്നത് പൂച്ചക്കുട്ടികള്‍ എന്ന ഓമനപ്പേരില്‍ ഒക്തര്‍ വിളിച്ചിരുന്ന യുവതികളുടെ വലയത്തിനുള്ളിലായിരുന്നു.

ഒക്തര്‍ മതപരമായും രാഷ്ട്രീയപരമായും അഭിപ്രായം പറയുന്ന സമയത്ത് അല്‍പ വസ്ത്രധാരികളായ ഈ യുവതികളുടെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2018ല്‍ ഇയാളുടെ നൂറ് കണക്കിന് അനുനായികളേയാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാം മതത്തിന്‍റെ പേരില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായെന്നതിന്‍റെ പേരിലായിരുന്നു അറസ്റ്റ്. വ്യാപക റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ ചാനലും അടച്ച് പൂട്ടിയിരുന്നു.

By newsten