മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് 2021 ൽ ട്വിറ്ററിന്റെ മുൻ ഉടമകൾ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
22 മാസത്തിന് ശേഷമാണ് ട്രംപിന്റെ ട്വിറ്റർ ഹാൻഡിൽ തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകൾ ഉൾപ്പടെ ട്വിറ്റർ പ്രൊഫൈലിൽ കാണാൻ കഴിയും. ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയാണ് മസ്ക് ട്രംപിനെ തിരികെ കൊണ്ടുവന്നത്. ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ആശയത്തിനാണ് മുൻതൂക്കം ലഭിച്ചതെന്നും മസ്ക് വെളിപ്പെടുത്തി.
ഏകദേശം 15 ദശലക്ഷം ആളുകൾ (51.8 ശതമാനം) ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ആശയത്തെ പിന്തുണച്ചു. ജനങ്ങൾ പറഞ്ഞു അതിനാൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. ജനങ്ങളുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾക്കൊപ്പമാണെന്നും മസ്ക് പറഞ്ഞു.