Spread the love

കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കക്കാർ ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും നേരിടാൻ ഏറെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഇന്ധന ക്ഷാമം കാരണം തിങ്കളാഴ്ച അധികൃതർ വാഹന ഉടമകൾക്ക് പെട്രോളിനായി ടോക്കൺ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്.

വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു, ഇത് സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചു. മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ നാല് ദിവസമായി ഇന്ധനത്തിനായി പമ്പിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നുവെന്ന് അറുപത്തിയേഴുകാരനായ ഓട്ടോ ഡ്രൈവർ ഡബ്ല്യു. ഡി. ഷെല്‍ഡണ്‍ പറഞ്ഞു. ഇപ്പോൾ ഓട്ടോ ഓടിക്കാനോ വരുമാനം നേടാനോ കഴിയുന്നില്ല. ഇന്ധനം എത്തിയാലുടൻ ടോക്കൺ നൽകിയവർക്ക് പെട്രോൾ വിതരണം ചെയ്യും.

9,000 ടൺ ഡീസലും 6,000 ടൺ പെട്രോളും നിലവിൽ സ്റ്റോക്കുണ്ടെന്ന് വൈദ്യുതി മന്ത്രി കാഞ്ചന വിജശേഖര ഞായറാഴ്ച പറഞ്ഞിരുന്നു. എന്നിരുന്നാലും, കൂടുതൽ ഇന്ധന ഇറക്കുമതിയുടെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാനാണ് സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊളംബോയിലും പരിസരത്തുമുള്ള സ്കൂളുകൾ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. പമ്പുകൾക്ക് മുന്നിലെ നിരകൾ നാൾക്കുനാൾ നീണ്ട് വരികയാണ്. പൊതുഗതാഗതം, വൈദ്യുതി ഉത്പാദനം, മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്ക് ഇന്ധന വിതരണത്തിൽ മുൻഗണന നൽകുന്നതിനാൽ മറ്റ് മേഖലകൾ കടുത്ത ഇന്ധന ക്ഷാമം നേരിടുകയാണ്. തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഇന്ധനം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.

By newsten