കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കാൻ മുൻകൂർ ജാമ്യ ഉത്തരവിലെ നിർദ്ദേശപ്രകാരമാണ് ഹാജരാകുക.
കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി.ഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകേണ്ടത്.
ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വേണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിൽ കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റ് രേഖപ്പെടുത്തിയാൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 22നാണ് യുവനടി വിജയ് ബാബുവിനെതിരെ ലൈംഗികാരോപണം ഉയർന്നത്. ദുബായിൽ ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.