ഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ മുർമുവിന്റെ പേർ പ്രധാനമന്ത്രി മോദിയാണ് നിർദേശിക്കുക. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ഇതിനെ പിന്തുണയ്ക്കും.
അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെയും എൻ സിപിയുടെയും പിന്തുണ തേടാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താനുള്ള ചുമതല പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
ദ്രൗപദി മുർമു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ദരിദ്രരുടെ ഉന്നമനത്തിനായി സമർപ്പിച്ചതാണ് ദ്രൗപദിയുടെ ജീവിതം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിത്വമാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. സമ്പന്നമായ ഭരണപരിചയമുള്ള അവർ ഗവർണർ പദവി നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അവർ നമ്മുടെ രാജ്യത്തിൻറെ മഹത്തായ പ്രസിഡൻറാകുമെന്ന് എനിക്കുറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുന്നവരും പ്രയാസങ്ങൾ നേരിടുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകൾ ദ്രൗപദി മുർമുവിൻറെ ജീവിതത്തിൽ നിന്ന് വലിയ ശക്തി നേടിക്കൊണ്ടിരിക്കുകയാണ്. നയപരമായ കാര്യങ്ങളിൽ ദ്രൗപദി മുര്‍മുവിന്റെ ധാരണയും അനുകമ്പയും നമ്മുടെ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.