മുംബൈ: മഹാരാഷ്ട്ര മന്ത്രിയും വിമത ശിവസേന എംഎൽഎയുമായ ഏക്നാഥ് ഷിൻഡെ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. 42 ശിവസേന എംഎൽഎമാരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. അതേസമയം, ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അപേക്ഷ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർക്ക് സമർപ്പിച്ചിട്ടുണ്ട്.
55 എംഎൽഎമാരിൽ 37 പേരുടെ പിന്തുണ ഷിൻഡെയ്ക്ക് ലഭിച്ചാലും മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ ഷിൻഡെയ്ക്ക് ഉണ്ടാകും. ഇതോടെ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അതേസമയം, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
ഷിൻഡെയെക്കൂടാതെ തനാജി സാവന്ത്, അബ്ദുൽ സത്താർ, മഹേഷ് ഷിൻഡെ, സന്ദിപൻറാവു ഭൂംറെ, ഭാരത്ഷേട്ട് ഗോഗാവാലെ, സഞ്ജയ് ഷിർസാത്ത്, യാമിനി ജാദവ്, ലതാ ചന്ദ്രകാന്ത്, അനിൽ ബാബർ, പ്രകാശ് സുർവെ, ബാലാജി കിനികർ എന്നിവർക്കെതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. 37 ശിവസേന എംഎൽഎമാരും ഒമ്പത് സ്വതന്ത്ര എംഎൽഎമാരുമാണ് ഷിൻഡെയ്ക്കൊപ്പമുള്ളത്. ഷിൻഡെയെ നേതാവായി കാണിച്ച് 37 എംഎൽഎമാർ ഡെപ്യൂട്ടി സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്.