ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വർഷവും ജൂലൈ 16 നാണ് ഈ ദിനം ആഘോഷിക്കുന്നത്. പാമ്പുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, പാമ്പുകൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയെ ബഹുമാനിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം. നിർഭാഗ്യവശാൽ, ലോകസൃഷ്ടികളിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് പാമ്പുകൾ. നീണ്ട പാമ്പുകൾക്ക് ഏറ്റവും വിഷം ഉണ്ടെന്ന് ചിലർ കരുതുന്നു, പക്ഷേ ഇത് തെറ്റാണ്.
ലോകത്തിലെ മൊത്തം പാമ്പുകളിൽ 7% മാത്രമാണ് വിഷമുള്ളവ. ബാക്കിയുള്ള 93% പാമ്പുകളും വിഷരഹിതമാണ്. നമ്മുടെ ഗ്രഹത്തിൽ 3,500 ലധികം ഇനം പാമ്പുകളുണ്ട്. ഇതിൽ 600 എണ്ണവും വിഷാംശമുള്ളവയാണ്. ഏഴ് പ്രധാന കുടുംബങ്ങളിൽപ്പെട്ട പാമ്പുകളെയാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്..
പെരുമ്പാമ്പുകൾ അടങ്ങിയ കുടുംബമാണ് പൈത്തോണിഡേ. കേരളത്തിൽ ഇത്തരത്തിൽ ആകെ 100 ഇനം പാമ്പുകളുണ്ട്. ഈ പാമ്പുകളിൽ 90 ശതമാനവും വിഷരഹിതമാണ്. കേരളത്തിൽ 4 ഇനം പാമ്പുകൾക്ക് മാത്രമേ മനുഷ്യജീവൻ എടുക്കാൻ കഴിയൂ. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ (സിൽവർ കട്ടർ), അണലി. ഒരു രാജാവിനെപ്പോലെ പകൽ സമയത്ത് തലയുയർത്തി വേട്ടയാടുക എന്നതാണ് രാജവെമ്പാലയുടെ രീതി. മറ്റു മൂന്നു പാമ്പുകളും രാത്രി ഇര തേടുന്നു. ഓരോ പാമ്പും കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല മനസ്സറിഞ്ഞു കടിച്ചാൽ 20 – 25 മില്ലി വിഷം മിന്നൽ പോലെ രക്തം വഴി പടർന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. ഒരു ആനയെയോ 20 ആളുകളെയോ കൊല്ലാൻ അതു മതി.