തിരുവനന്തപുരം : നിയമസഭാ സമുച്ചയത്തിൽ അനിത പുല്ലയിൽ പ്രവേശിച്ച സംഭവത്തിൽ ഇന്ന് നടപടി ഉണ്ടായേക്കും. ചീഫ് മാർഷലിന്റെ റിപ്പോർട്ടിൻമേലുള്ള നടപടി സ്പീക്കർ ഇന്ന് പ്രഖ്യാപിച്ചേക്കും. സഭാ ടി വിക്ക് സാങ്കേതിക പിന്തുണ നൽകുന്ന സ്വകാര്യ കമ്പനിയുടെ കരാർ റദ്ദാക്കിയേക്കുമെന്നും സൂചന. സഭ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് കൈവശമുണ്ടായിരുന്നതിനാലാണ് അനിതയെ പ്രവേശിപ്പിക്കാൻ അനുവദിച്ചതെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.
ലോക കേരള സഭയ്ക്കിടെ അനിത പുല്ലയിൽ നിയമസഭാ മന്ദിരം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നതിനെ തുടർന്നാണ് സ്പീക്കർ ചീഫ് മാർഷലിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അനിത നിയമസഭാ മന്ദിരത്തിൽ വന്ന സമയം മുതലുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. സഭ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതയെ സഹായിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
രണ്ട് ജീവനക്കാരാണ് അനിതയെ സഭാ കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. അതേസമയം, പാസ് ഉപയോഗിച്ചാണ് അനിത പ്രധാന ഗേറ്റിൽ പ്രവേശിച്ചതെന്ന് സെക്യൂരിറ്റിയുടെ ചുമതലയുള്ള വാച്ച് ആൻഡ് വാർഡ് പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിത കാണിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. അനിതയ്ക്ക് ഇത് എങ്ങനെ കിട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.