വാഷിങ്ടൻ: മെക്സിക്കൻ അതിർത്തിയായ ടിജ്വാനയില് നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ നിർമ്മിച്ച ഒരു വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ, റെയിലുകളും, ലൈറ്റുകളും നിറയെ വായുസഞ്ചാരവും ഉണ്ട്.
മെക്സിക്കൻ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മെക്സിക്കോ പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അതിർത്തി പരിശോധനയിലാണ് ഈ തുരങ്കം കണ്ടെത്തിയത്. ആരുടെയും കണ്ണിൽ പെടാതെ ടിജ്വാനയുടെ അതിർത്തി പ്രദേശത്ത് നിർമ്മിച്ച ഈ തുരങ്കം മയക്കുമരുന്ന് കടത്തിന്റെ ഒരു പ്രധാന പാതയായിരുന്നു. തുരങ്കം ഒരു വീടിനകത്താണ് ആരംഭിക്കുന്നത്, അതിനാൽ അത് പുറത്തുനിന്ന് കാണാനും കഴിയില്ല.
കാലിഫോർണിയയിലാണ് തുരങ്കം അവസാനിക്കുന്നത്. അത്യാധുനിക റെയിലുകളും ലൈറ്റിംഗ് സംവിധാനങ്ങളും തുരങ്കത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. തുരങ്കം ആറ് നില താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. വായുസഞ്ചാര മാർഗങ്ങളും ശരിയായി നിർമ്മിച്ചിട്ടുണ്ട്. ഭൂപ്രകൃതി കൂടുതൽ അനുയോജ്യമായ മെക്സിക്കോയുടെ പടിഞ്ഞാറൻ അതിർത്തിയിലൂടെ വലിയ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നു. ഒരു മാസത്തിനിടെ ഇതേ പ്രദേശത്ത് കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്.